11 September 2008

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം

പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം മലയാള നാട്ടില്‍ മാവേലി നാടു വാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്. കള്ളവും ചതിയും ഇല്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം. മനുഷ്യത്തവും മാനവിക മൂല്യങ്ങളും ഉയര്‍ത്തി പ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം. ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാ ദുരിത പൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളി മനസ്സുകളില്‍ അത്യാഹ്ലാദ മുയര്‍ത്തുന്നുണ്ട്. ഐശ്വര്യ പൂര്‍ണ്ണമായ നല്ലൊരു നാളെയെ പ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറി ക്കഴിഞിരിക്കുന്നു.




കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു. വയലേലകളില്‍ ചോര നീരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യ മുഹര്‍ത്ത മായിരുന്നു. കള്ള കര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങ്ങ മാസം, കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ ‍ നിറഞ്ഞിരുന്ന നെല്ലും മനസ്സില്‍ നിറഞ്ഞിരുന്ന ആഹ്ലാദവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പോയ കാലത്തിന്റെ മധുര സ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു.




വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടു മുറ്റത്ത് വര്‍ണ്ണ പൂക്കള മൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങ്ങ ളൊരുക്കുവാനുള്ള വിഭവങ്ങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ശാരീരിക അധ്വാനം അപമാനമായി കരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിന്നും ആരെങ്കിലെ യുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തു പാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം‌ കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേല കളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും വ്യാപര സമുച്ചയങ്ങളും പടുത്തുയര്‍ ത്തിയിരിക്കുന്നു.
നമ്മുടെ കുട്ടികള്‍ക്കു പോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.




ഓണ ക്കാലത്ത് മലയാള നാടിനെ സുന്ദരമാക്കാന്‍ പ്രകൃതിക്ക് പോലും അതീവ ശ്രദ്ധയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും പുല്‍ച്ചെടികളും മലയാള നാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാ ക്കിയിരുന്നു. മലയാള നാട്ടിലെ മരങ്ങളൊക്കെ പൂത്തുലഞ്ഞ് വര്‍ണ്ണ ഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിത യായിരുന്നു. എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നു പോലും അത്തരം ആവേശം പടിയിറങ്ങിയിരിക്കുന്നു.




ഗ്രാമാന്തരങ്ങളില്‍ പോലും പൂക്കള മൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണ പ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രജാ വത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടു ഭരിച്ചിരുന്ന മഹാബലിയിന്ന് കുട വയറും കൊമ്പന്‍ മീശയും ഓല ക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ചിരിക്കുന്നു.




കാലം കഴിയും തോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു. ഓണ നാടും ആകെ മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു. വഞ്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്ര യായി മാറിയിരിക്കുന്നു. എല്ലാ വിധ കൊള്ളക്കും കൊള്ളരു തായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്ന നമ്മുടെ ഭരണാധി കാരികളും അവരുടെ സാമ്പത്തിക നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടി ക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്.




സമത്വ ഭാവനയും സഹോദര്യ ചിന്തയും നഷ്ടപ്പെട്ട സമൂഹത്തില്‍ വിദ്വേഷവും പകയും അക്രമങ്ങളും നിത്യ സംഭവമായി മാറിയിരിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങ്ങിച്ചും ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാട്ടാന്‍ ഒരുങ്ങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.




വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നു വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറി ക്കഴിഞിരിക്കുന്നു. ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങ്ങള്‍ ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മാതാ പിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ, മക്കളെ ആറ്റിലും കിണറ്റിലും എറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍, സ്വന്തം ചോരയില്‍ പിറന്ന പെണ്‍ മക്കളെ പ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍, പിഞ്ചു കുഞ്ഞുങ്ങളെ പോലും ലൈംഗിക പീഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യ മൃഗങ്ങള്‍, കട ക്കെണിയില്‍ നിന്ന് രക്ഷ തേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങള്‍, ദിനം പ്രതി എത്രയെത്ര ക്രൂര കൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹായരായ മനുഷ്യരുടെ ദീന രോദനങ്ങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്. എന്നുമെന്നും ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാ ക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു‍‌.




ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടി പുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞ്ഞിരുന്ന, ആ നന്മ നിറഞ്ഞ മാവേലി നാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?




മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങ്ങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ്ഞ നല്ലൊരു പുഞ്ചിരി വിടരാന്‍ കൊതിക്കു ന്നവരെങ്കിലും ആകാം നമുക്ക്. സ്നേഹ പൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി ഹൃദയ ബന്ധങ്ങള്‍ തമ്മില്‍ തീര്‍ക്കുന്ന ഒരു സ്നേഹ പൂക്കളമൊരുക്കാം നമുക്ക്.




- നാരായണന്‍ വെളിയന്‍കോട്

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്