09 December 2009

ദുബായില്‍ അപൂര്‍വ്വ കാവ്യാനുഭവം

sachidanandan-shihab-ghanemകാല ദേശ ഭാഷാ അന്തരങ്ങളെ നിഷ്‌പ്രഭം ആക്കിയ ഒരു അപൂര്‍വ്വ കാവ്യ സന്ധ്യക്ക് ദുബായ് പ്രസ് ക്ലബ് വേദിയായി. ഡിസംബര്‍ 6ന് ദുബായ് പ്രസ് ക്ലബില്‍ പ്രശസ്ത മലയാള കവിയും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ ജന. സെക്രട്ടറിയുമായ സച്ചിദാനന്ദനും, പ്രമുഖ അറബ് കവിയായ ഡോ. ഷിഹാബ് ഗാനിമും സംഗമിച്ച അപൂര്‍വ്വ സുന്ദരമായ കാവ്യ സന്ധ്യ ഭാഷയുടെയും സംസ്കാരത്തിന്റെയും അതിര്‍ വരമ്പുകള്‍ക്കപ്പുറമുള്ള ലോക മാനവികതയുടെ ലളിത സൌന്ദര്യത്തില്‍ കേള്‍വിക്കാരെ കോള്‍മയിര്‍ കൊള്ളിക്കുന്ന അനുഭവമായി.
 
“മയകോവ്സ്കി എങ്ങനെ ആത്മഹത്യ ചെയ്തു” എന്ന സച്ചിദാനന്ദന്റെ കവിതാ സമാഹാരത്തില്‍ നിന്നുമുള്ള കവിതാ ശകലങ്ങള്‍ ഡോ. ശിഹാബ് ഗാനിം അറബിയിലേക്ക് തര്‍ജ്ജമ ചെയ്തത് അവതരിപ്പിച്ചു. സച്ചിദാനന്ദന്‍ വരികള്‍ ഇംഗ്ലീഷിലും ഗാനിം അവയുടെ തര്‍ജ്ജമ അറബിയിലും ചൊല്ലി.
 

sachidanandan-shihab-ghanem


 
സംസ്കാരങ്ങളെ സമന്വയിപ്പിക്കാനുള്ള ചരിത്രപരമായ ധര്‍മ്മമാണ് കവിക്കും കവിതയ്ക്കും ഉള്ളത് എന്ന് ഡോ. ശിഹാബ് ഗാനിം അഭിപ്രായപ്പെട്ടു.
 
ഭാഷകളും ഉപഭാഷകളും ഭാഷാ ഭേദങ്ങളും പ്രാദേശിക ഭാഷകളും ഒക്കെയായി 600 ഓളം ഭാഷകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും ഇന്ത്യാക്കാരന് ഇത് ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ല എന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് സച്ചിദാനന്ദന്‍ വ്യക്തമാക്കി. ഇന്ത്യ ഭരിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരന് പക്ഷെ ഈ ഭാഷാ വൈവിധ്യം ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
 
അടിസ്ഥാനപരമായി ഭാരതീയ സംസ്ക്കാരത്തിന്റെ സ്വര്‍ണനൂല്‍ കോണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്ത്യാക്കാരന് ഭാഷക്കതീതമായ ഒരു സംവേദന ക്ഷമത സ്വന്തമായുണ്ട്. മൂന്നോ നാലോ ഭാഷ ഏതൊരു ഇന്ത്യാക്കാരനും വശമുണ്ട്. മറ്റു ഭാഷകള്‍ പഠിക്കാതെ തന്നെ സംവദിക്കാന്‍ കഴിയുന്ന ഈ ഭാഷാ ബോധം തന്നെയാണ് ഭാരതത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകം.
 
ഭാഷാ പ്രശ്നം മറി കടക്കാനും ഭരണ സൌകര്യത്തിനുമായി ബ്രിട്ടീഷുകാരന്‍ ഏര്‍പ്പെടുത്തിയ ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം പുതിയ തലമുറയ്ക്ക് ഈ ഭാഷാ ബോധം നഷ്ടപ്പെടുവാന്‍ കാരണമാകുന്നു എന്ന തന്റെ ആകുലതയും സച്ചിദാനന്ദന്‍ പങ്കു വെച്ചു.
 
അറബ് ലോകത്തില്‍ മലയാള ഭാഷയുടെ അംബാസഡറാണ് ഡോ. ഷിഹാബ് ഗാനിം എന്ന് മോഡറേറ്റര്‍ ആയ ഷാജഹാന്‍ മാടമ്പാട്ട് പറഞ്ഞു.

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്