06 January 2010

പ്രഥമ പാറപ്പുറത്ത് ചെറുകഥാ പുരസ്കാരം ഫിലിപ്പ് തോമസിന്

philip-thomasദുബായ് : നോവലുകളിലൂടെ നിരവധി അനശ്വര കഥാപാത്രങ്ങളെ മലയാളിക്ക് പരിചയ പ്പെടുത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ പാറപ്പുറത്ത് കഥാവശേഷന്‍ ആയിട്ട് ഡിസംബര്‍ 30ന് 28 വര്‍ഷം തികഞ്ഞു. ഇതോടനുബന്ധിച്ച് പാറപ്പുറത്ത് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 8ന് (വെള്ളി) വൈകീട്ട് ആറു മണിക്ക് ദുബായ് കരാമ സെന്ററില്‍ പാറപ്പുറത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. പ്രസ്തുത യോഗത്തില്‍ എഴുത്തുകാര്‍, പത്ര പ്രവര്‍ത്തകര്‍, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവര്‍ പാറപ്പുറത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കും.
 
കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല സമ്മേളനം ഉല്‍ഘാടനം ചെയ്യും.
 
പാറപ്പുറത്ത് ഫൌണ്ടേഷന്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ പാറപ്പുറത്ത് സ്മാരക ചെറുകഥാ മത്സരത്തിലെ വിജയിയായ ഫിലിപ്പ് തോമസിന് പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ പുരസ്കാരം സമ്മാനിക്കും. 1001 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
 
നൂറിലേറെ ചെറുകഥകളില്‍ നിന്നുമാണ് ഫിലിപ്പ് തോമസിന്റെ ‘ശത ഗോപന്റെ തമാശകള്‍’ തെരഞ്ഞെടുത്തത്. പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനായ സമിതിയാണ് കഥകള്‍ മൂല്യ നിര്‍ണ്ണയം ചെയ്തത്. നൂറനാട് സ്വദേശിയായ ഫിലിപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബായിലാണ്.
 
എഴുത്തുകാരനും അധ്യാപകനുമായിരുന്ന പരേതനായ തോമസ് നൂറനാടിന്റെയും, സാറാമ്മയുടെയും മകനായ ഫിലിപ്പ് സാഹിതി മിനി മാസികയുടെ മുഖ്യ പത്രാധിപര്‍, വിഷ്വല്‍ മീഡിയ റിസര്‍ച്ച് സെന്റര്‍ ആന്‍ഡ് ഫിലിം സൊസൈറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ‘നഗരത്തില്‍ എല്ലാവര്‍ക്കും സുഖമാണ്’ എന്ന ചെറുകഥാ സമാഹാരത്തിന്റെ കര്‍ത്താവുമാണ്. ഭാര്യ: ബിജി, മകള്‍: ദിയസാറ.
 
- റോജിന്‍ പൈനുമ്മൂട്
 
 

Labels: ,

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്