18 January 2009

"ഒരു ചെമ്പനീര്‍ പൂവിറുത്ത്‌..."

ആ - മുഖവും ഇ - മുഖവും ഉള്ള മലയാളത്തിലെ ആദ്യ പുസ്തകം. നവ സാങ്കേതികതയും നവ സാമ്പത്തികതയും കാലത്തേയും ഭാഷയേയും മാറ്റിയ ഈ കാലത്ത്‌ അഥവാ ATM - ഉം SMS - ഉം പോലെയുള്ള അക്ഷരങ്ങള്‍ക്ക്‌ വേണ്ടി സാധാരണക്കാരന്റെ വിരല്‍ തുമ്പുകള്‍ പരതുന്ന ഈ കാലത്ത്‌ സൂക്ഷ്മാലം കൃതങ്ങളായ സെന്‍സറുകള്‍ ഘടിപ്പിച്ച കഥകള്‍ ഈ പുസ്തകത്തില്‍ ഉടനീളം കാണാം.




കഥകളെ ക്കുറിച്ച്‌ ശ്രീ. മുഞ്ഞിനാട്‌ പദ്മ കുമാര്‍ : സ്വയം സന്നദ്ധമാവുകയും, ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട്‌ വിളിച്ചു പറയുകയും ചെയ്യുന്നു ഈ കഥകള്‍. മലയാളത്തില്‍ ഇത്തരം കഥകള്‍ അപൂര്‍വ്വമാണ്‌. ഈ അപൂര്‍വതയാകാം ബഹളമയമായ ഈ ലോകത്ത്‌ സുരക്ഷിത നായി ക്കൊണ്ട്‌ രാധാകൃഷ്ണന്‌ കഥകള്‍ എഴുതാന്‍ കഴിയുന്നതിന്റെ പിന്നിലും.




കഥകളെ ക്കുറിച്ച്‌ ശ്രീമതി. കവിതാ ബാലകൃഷ്ണന്‍ : ആശാന്‍, ചങ്ങമ്പുഴ, ഒ. എന്‍. വി., യേശുദാസ്‌ , ഒ. വി. വിജയന്‍ , മുകുന്ദന്‍, ചുള്ളിക്കാട്‌, മാധവിക്കുട്ടി തുടങ്ങി ഓരോരുത്തരുടേയും പ്രാമാണിക കാലങ്ങളില്‍ സാഹിതീയമായ ബ്ലോട്ടിംഗ്‌ പേപ്പറുകളും ഇലക്ട്രിക്‌ സര്‍ക്യൂട്ടുമായി കുറേ മനുഷ്യര്‍ സമൌനം ഇവരോടൊത്ത്‌ പോയിരുന്നതിന്‌ ഇന്ന്‌ ഒട്ടേറെ തെളിവുകളുണ്ട്‌. (മലയാളി) ജീവിതത്തിന്റെ സമസ്ത മേഖലകളിലും പാഠാന്തരതകളുടെ മല വെള്ള ക്കെട്ടുകള്‍ തന്നെ ഉണ്ട്‌. സാഹിത്യവും പ്രാമാണികതകളും ഇന്ന്‌ പാഠവും ചരിത്രവുമായി ക്കഴിഞ്ഞു.




ഇനി പ്രയോഗമാണ്‌ മുഖ്യം. പാഠ പ്രയോഗങ്ങളുടെ പ്രതിരോധ വൈദഗ്ധ്യത്തില്‍ , മുന്‍പേ പോയ 'വായനാ മനുഷ്യര്‍' ബാക്കി വച്ചതു പലതും കാണാം. (പ്രയോഗ വൈദഗ്ധ്യത്തിന്റെ ആശാന്മാര്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ പ്രമാണിമാ ര്‍ക്കിടയി ല്‍പ്പോലും ബഷീര്‍, വി. കെ. എന്‍, എന്നിങ്ങനെ...)




എന്തും ഏതും വാക്യത്തില്‍ പ്രയോഗിക്കുന്ന പുതിയ കൂട്ടത്തിന്റെ പ്രതി സന്ധികളിലാണ്‌ പ്രിയപ്പെട്ട ആര്‍. രാധാകൃഷ്ണന്‍ വിലസുന്നത്‌.




വരിക ള്‍ക്കിട യിലൂടെ ഊളിയിടുക, അതാണ്‌ കഥയുടെ (സന്മാര്‍ഗ്ഗ) പാഠം. ഒറ്റ പ്പേജില്‍ തപസ്സു ചെയ്ക, അതാണ്‌ ഈ കഥാ കൃത്തിന്റെ (രീതി) ശാസ്ത്രം.




കഥാകാരനെ ക്കുറിച്ച്‌...




ആര്‍. രാധാകൃഷ്ണന്‍, പാലക്കാട്‌ എന്ന പേരില്‍ പത്രങ്ങളിലും, ആനുകാലിക പ്രസിദ്ധീ കരണങ്ങളിലും നൂറില്‍ പരം പ്രതികരണങ്ങള്‍ എഴുതിയിട്ടുണ്ട്‌. anagathasmasru.blogspot.com എന്ന വിലാസത്തിലും രചനകള്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്‌. (അനാഗതശ്മശ്രു എന്ന ബ്ലോഗര്‍)




ഇപ്പോള്‍ പാലക്കാട്ടെ കേന്ദ്ര ഗവണ്‍മെന്റ്‌ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ഐ. ടി. സെന്റര്‍ മേധാവിയാണ്‌.




വില: 60 രൂപ




പുസ്തകം വാങ്ങുവാന്‍ താഴെ പ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക:
ശ്രീ. ആര്‍. രാധാകൃഷ്ണന്‍: 00-91-9446416129
ശ്രീ. അശോകന്‍: 00-91-9447263609

Labels: ,

0അഭിപ്രായങ്ങള്‍ (+/-)



10 January 2009

അറിവിന്റെ ആകൃതിയുള്ള കവിതകള്‍ - വിഷ്ണുപ്രസാദ്

അറിവിന്റെ ആകൃതിയുള്ള കവിതകളാണ് വിനോദിന്റേത്. അത് രുചി വേണ്ടിടത്ത് കൊഴ കൊഴാന്ന് കൂട്ടു നില്‍ക്കുന്നില്ല. സമകാലിക സാഹിത്യ രാഷ്ട്രീയ - രാഷ്ട്രീയേതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കൂട്ടില്‍ അതിന് അംഗത്വം വേണ്ട. ഉണങ്ങി ച്ചുളിയുന്നവയെ മിനുക്കി നിര്‍ത്താന്‍ അത് ഉത്സാഹിക്കുന്നുമില്ല. എങ്കിലും കവിതയുടെ ഈ വരണ്ട (DRY) ജീവിതം കവിതയുടേതു മാത്രമാണെന്ന് വിനോദ് വായനക്കാരനെ തിരുത്തുന്നുണ്ട്. എഴുത്തിനേക്കാള്‍ എഴുത്തുകാരന്റെ ജീവിതം തുറിച്ചു നോക്കുന്ന മലയാളി വായനക്കാരനുള്ള ഒരു പ്രഹരം എന്ന നിലയിലാണ് ഈ കവിത ഞാനാദ്യം വായിച്ചത്. ആ കവിതയുടെ മറ്റു പല മാനങ്ങളും പലരും വെളിപ്പെടുത്തിയതാണ്.




സുഷിര കാണ്ഡത്തില്‍ ഒരു മനുഷ്യന്റെ സ്വര്‍ഗ്ഗാരോഹണ ശ്രമം കാണാം. നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള തന്റെ നോട്ടത്തിന് തന്റെ തന്നെ നഷ്ട ബോധം കരടായി നില്‍ക്കുന്നു. നഷ്ട ബോധം എന്ന ഈ കരടിനെ കടക്കാനുള്ള ശ്രമം അതിനെ പാപമോ പുണ്യമോ ആയി പരിണമിപ്പിച്ചേക്കാം. ഈ അപ്രവചനീയതയെ നേരിടുക എന്നത് ലക്ഷ്യങ്ങളുടെ കൃത്യതയുള്ള ഒരാള്‍ക്ക് നിശ്ചയമായും ഒരു പ്രതിസന്ധിയാണ്. ഇത്തരം സന്ദിഗ്ദ്ധതകളിലാണ് വിനോദിന്റെ കവിതകള്‍ പൊതുവെ അഭിരമിക്കുന്നത്. ലോകത്തെ ക്കുറിച്ച് ധനാത്മകമോ ഋണാത്മകമോ ആയ ഏതു തരം വീക്ഷണമാണ് അവ മുന്നോട്ടു വെക്കുന്നതെന്ന് ഒരു കണക്കെടുപ്പു കാരനെ പ്പോലെ നോക്കുമ്പോള്‍ പ്രത്യാശകളുടെ ബാരോമീറ്ററിലെ ഏറ്റവും ചെറിയ അങ്കനങ്ങളി ലെവിടെയോ അവ നിശ്ചലമായി നില്‍ക്കുന്നത് കാണാം. ഈ താഴ്ന്ന അങ്കനത്തിലേക്ക് അതിനെ ഇടിച്ചു നിര്‍ത്തുന്നത് അതിനു പൂരകമായത്ര നിരാശകളുടെ ഘനം തന്നെയാവണം. അസാധ്യതകളുടെ വിരസ വ്യംഗ്യം എന്ന് ജീവിതത്തെ സൂചന എന്ന കവിതയില്‍ കവി തിരിച്ചറിയുന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. വെളിച്ചം ഇരുട്ടിനെ ക്കുറിച്ചും കാഴ്ചകള്‍ നിഴലിനെ ക്കുറിച്ചുമുള്ള സൂചനകളാണ്. പക്ഷേ വെളിച്ചം കൊണ്ട് കാണാനാവില്ല ഇരുട്ടിനെ. നിഴലിനെ നിറം തേച്ച് ചിത്രമാക്കാ നുമാവില്ല. അസാധ്യതകള്‍ അസാധ്യതകള്‍ തന്നെ.




ജീവിതത്തെ അത്രയേറെ അപഗ്രഥിക്കുകയും ഉള്‍ക്കാഴ്ച കളിലേക്ക് തുറന്നിടുകയും ചെയ്യുന്ന കവിതകള്‍ ബ്ലോഗിലെങ്കിലും വിനോദിന്റെ മാത്രം പ്രത്യേകതയാണ്. മടക്ക വിവരണം എന്ന കവിതയില്‍ ഇതു വരെ വന്നത് അവനവനെ കാണാനാനെന്ന് പറയാതെ പറയുന്നുണ്ട് കവി. തന്നോടു തന്നെയുള്ള തര്‍ക്കമാണ് പലപ്പോഴും വിനോദിനു കവിത. ഒരു താര്‍ക്കികന്റെയോ രസ തന്ത്രജ്ഞന്റെയോ കൃത്യത അയാള്‍ എപ്പോ‍ഴും തന്റെ കവിതയില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്നു.





കണ്ണാടിയില്‍ എന്ന കവിത നോക്കൂ. മൂന്നു കാലങ്ങളിലേക്ക് ഒരു മുഖത്തെ പിടിച്ചു വെച്ചുള്ള നോട്ടമുണ്ടതില്‍. (പ്രിസം എന്ന കവിത ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു.) കണ്ണാടിയിലെ കാലം നോട്ടം എന്ന അര്‍ഥത്തില്‍ സങ്കീര്‍ണമാവുന്നു. ഒരര്‍ഥത്തില്‍ സങ്കീര്‍ണമായ ലോകത്തെ തന്റെ നോട്ടങ്ങളിലൂടെ അഴിക്കുകയോ പിരിക്കുകയോ തന്നെയാണ് വിനോദ് കവിതയില്‍ ചെയ്യുന്നത്. ഈ കവിതയ്ക്ക് ലതീഷ് മോഹന്‍ എഴുതിയ ഒരു കമന്റ് പ്രസക്തമായിതോന്നുന്നു.





:latheesh mohan said...
ഭൂതം, ഭാവി,വര്‍ത്തമാനം എന്നിങ്ങനെ സ്ഥല കാലങ്ങളുടെ കെട്ടു പാടില്‍ വിനോദിന്റെ കവിതകള്‍ കുടുങ്ങി പോകുന്നത്, വല്ലാത്തൊരു ഊര്‍ജ നഷ്ടത്തിനും ചെറുപ്പ നഷ്ടത്തിനും ഇടയാക്കുന്നുണ്ടോ എന്നൊരു തോന്നല്‍...




അറിവ് വാര്‍ദ്ധക്യ സഹജമായ ഒന്നായി കരുതി പ്പോരുന്ന ഒരു സാമ്പ്രദായികതയില്‍ വിശ്വസിക്കുക കൊണ്ടാവണം വിനോദിന്റെ കവിതകളില്‍ നമ്മെ പ്പോലുള്ള സാധാരണ വായനക്കാര്‍ക്ക്(ലതീഷ് മോഹന്‍ നിശ്ചയമായും ഒരു സാധാരണ വായനക്കാരനല്ല.) ചെറുപ്പത്തെ കാണാന്‍ കഴിയാതെ പോകുന്നത്.




തന്റെ കാലത്ത് മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വരള്‍ച്ച കവി അടയാള പ്പെടുത്തുന്നുണ്ട് ഒഴിവിടത്തെ പ്പറ്റി പറഞ്ഞു നോക്കുന്നു എന്ന കവിതയില്‍. എന്തും കെട്ടി പ്പൊക്കാന്‍ ഉറപ്പുള്ള ഉറപ്പുകള്‍ / ഇടം / നിരപ്പ് ചെങ്കല്‍ മടയായി മാറുന്നത് വേദനാജനകവും സുപരിചിതവുമായ വര്‍ത്തമാന കാല യാഥാര്‍ഥ്യമാണ്. ഈ പരിണതി ഒട്ടും ആകസ്മിക മല്ലെന്നതാ ണേറ്റവും വേദനാകരം.




ക്യൂ എന്ന്ന കവിതയ്ക്ക് റോബിയുടെ ഒരു കമന്റ് രസകരമാണ്:





റോബി said...
വിനോദിന്റെ കവിത വായിക്കുന്നത്‌ സിഐഡി പണിയാകണമെന്ന മുന്‍ധാരണയില്‍ ഇന്നലെ ആദ്യം കണ്ടപ്പോള്‍ ബുദ്ധി കൊണ്ടു വായിച്ചു. ഒരിടത്തുമെത്തിയില്ല്ല..:) ഇന്നു രാവിലെ ഒന്നു വായിച്ചപ്പോള്‍ പുതിയൊരു വെളിച്ചം. ഇനി നാളെ ഒന്നു കൂടി നോക്കണം..:)




വായനക്കാരനെ അത്രയെളുപ്പം പരിഗണിക്കുന്നതല്ല ആ കവിതകള്‍. കൌതുകത്തിന് പടച്ചുണ്ടാക്കിയതല്ല അവ.





വിവര്‍ത്തനം എന്ന കവിതയില്‍ ഒരു കൊറിയന്‍ അനുഭവമുണ്ട്. ബാറിന്റെ ചവിട്ടു പടികളിലൊന്നില്‍ ഏങ്ങിക്കരയുന്ന ഒരാള്‍. കിം - മോങ് - ഹൊ എന്നാണ് അയാളുടെ പേര്, ടാക്സി ഡ്രൈവര്‍. അയാള്‍ സൊജുവിന്റേയും സിഗരറ്റിന്റേയും മണം തെറിപ്പിച്ച് പലതും പറഞ്ഞു. ലോകത്തിലെ എല്ലാ മനുഷ്യരും പാവങ്ങളാണ് എന്നായിരിക്കില്ല അയാള്‍‍ പറഞ്ഞതെങ്കിലും കവി അങ്ങനെ മനസ്സിലാക്കുന്നു. ഈ മനസ്സിലാക്കലാവണം വിനോദിനെ കവിയാക്കുന്നത്. (കിം - മോങ് - ഹൊ = എന്തിനാ‍ടാ മോങ്ങുന്നേ എന്ന് ഒരു വായനക്കാരന്റെ വിവര്‍ത്തനം)




വാക്കുകളുടെ പെരുങ്കല്ലുകള്‍ കെട്ടി വെച്ച് ഭാഷയുടെ തണുത്ത ആഴത്തിലേക്ക് കൂപ്പു കുത്തുന്ന കവിത എന്ന് വിനോദ് ഒരു കവിതയില്‍ പറയുന്നുണ്ട്. എന്തെല്ലാം തലങ്ങളാ ണീയൊരു കാവ്യ പ്രസ്താവനയില്‍ ഒളിച്ചിരിക്കുന്നത്? മരണം / മോചനം തന്നെയാണ് കവിത. അത് കേവലമായ ഒരു മരണവുമല്ല. ഉറപ്പിച്ച ഒരു ആത്മാഹുതിയാണ്. മരണത്തിലേക്ക് / മോക്ഷത്തിലേക്ക് ധ്യാനിച്ചും ഇന്ദ്രിയ നിഗ്രഹത്തിലൂടെയും സഞ്ചരിച്ചിരുന്ന സന്യാസ പാരമ്പര്യങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ഇത്.




മലയാള വായനക്കാര്‍ക്ക് ഒരു പുതിയ കാവ്യാനുഭവം സമ്മാനിക്കും വിനോദിന്റെ പുസ്തകം. വിനോദിനും ബുക്ക് റിപ്പബ്ലിക്കിനും എന്റെ ആശംസകള്‍.




- വിഷ്ണു പ്രസാദ്





Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്