21 April 2009
അക്കാദമി അവാര്‍ഡും ബ്ലോഗ്ഗുകളും![]() ജീവിതത്തിന്റെ രീതികള്‍ മാറി ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ മലയാളിയുടെ വായനക്ക് മറ്റൊരു ദിശയാണ് ബ്ലോഗ്ഗുകള്‍ നല്‍കിയത്. ക്രിയാത്മകമായ സംവാദങ്ങളും ഊര്‍ഷ്മളമായ സൗഹൃദങ്ങളും ഇവിടെ നടക്കുന്നു. ഇതിനോടകം തന്നെ ബ്ലോഗ്ഗുകളില്‍ പ്രസിദ്ധീകൃതമായ ചില രചനകളുടെ പുസ്തകങ്ങള്‍ ഇറങ്ങി ക്കഴിഞ്ഞു. ശ്രീ സജീവ് എടത്താടന്റെ കൊടകര പുരാണം മലയാളിക്ക് ഹാസ്യത്തിന്റെ പുതിയ ഒരു വാതായനം തുറന്നു തന്നു. നാട്ടിന്‍ പുറത്തെ കൊച്ചു കൊച്ചു സംഭവങ്ങളെ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ അതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. വി. കെ.എന്നിനു ശേഷം ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ശൈലി ഇപ്പോഴാണു ണ്ടായതെന്ന് വേണം പറയുവാന്‍. ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു സംഗതി ഇന്ത്യന്‍ ഭാഷകളിലുള്ള മികച്ച ബ്ലോഗ്ഗുകള്‍ക്കായി മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ ഭാഷാ സംരംഭം - ഭാഷാ ഇന്ത്യ ഡോട് കോം കൊടകര പുരാണം ബ്ലോഗ്ഗിനു ലഭിക്കുകയും ഉണ്ടായി. കുറുമാന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍" വായനക്കാര്‍ക്ക് നല്‍കുന്നത് യാത്രാ വിവരണത്തിന്റെ പതിവു വിരസതകള്‍ ഒട്ടുമില്ലാത്ത ഒരു അനുഭവം ആണ്. ഒരു ത്രില്ലര്‍ വായിക്കുന്ന രസാനുഭൂതി യാണീ പുസ്തകം പകര്‍ന്നു തരുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ അവിടത്തെ അനുഭവങ്ങളിലൂടെ കുറുമാനോടൊപ്പം സഞ്ചരിക്കുവാന്‍ വായനക്കാരനു കഴിയുന്ന തരത്തിലാ ണതിന്റെ അവതരണം. ടി. പി. വിനോദിന്റെ "നിലവിളിയെ കുറിച്ചുള്ള കടം കഥകള്‍" കവിതയുടെ പതിവു ചിട്ടവട്ടങ്ങളില്‍ നിന്നും മാറി നിന്നു കൊണ്ട് തീഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ഇതു പോലെ അനവധി കാമ്പുള്ള സൃഷ്ടികള്‍ ബ്ലോഗ്ഗുകളില്‍ നിന്നും വായിച്ചെടുക്കുവാന്‍ കഴിയും. അവാര്‍ഡുകള്‍ ജുബ്ബാ താടി പരിവേഷ ങ്ങള്‍ക്കപ്പുറം വളര്‍ന്നു വരുന്ന ലോകത്തെ കുറിച്ച് അഞ്ജത നടിക്കുന്നതില്‍ അര്‍ത്ഥമില്ല. പുസ്തക രൂപത്തില്‍ ഉള്ള സാഹിത്യം കാലഘട്ട ത്തിനനുസരിച്ച് ഇലക്ട്രോണിക്ക് സംവിധാനത്തിന്റെ സങ്കേതങ്ങളിലേക്ക് രൂപ പരിണാമം പ്രാപിക്കുമ്പോള്‍, വായനക്കാര്‍ അതിനെ സ്വാഗതം ചെയ്യുമ്പോള്‍ സാഹിത്യ അക്കാദമിയും,സാഹിത്യ വിമര്‍ശകന്മാരും, ബുദ്ധി ജീവികളും അത്തരം ഒരു "അപ്ഡേഷനു" തയ്യാറാകേ ണ്ടിയിരിക്കുന്നു. വരും നാളുകള്‍ ഇന്റര്‍നെറ്റിലും അതു പോലുള്ള ഇടങ്ങളിലും ആയിരിക്കും മലയാള സാഹിത്യത്തിന്റെ പുത്തന്‍ സൃഷ്ടികളെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നതില്‍ സംശയം വേണ്ട. അതിനോടു പുറം തിരിഞ്ഞു നിന്നു കൊണ്ട് അധിക കാലം ഇത്തരം അവാര്‍ഡ് പങ്കു വെക്കലുകള്‍ക്ക് നിലനില്‍പ്പു ണ്ടാകില്ല എന്നത് നിസ്സംശയം പറയാനാകും. അതിനാല്‍ ബ്ലോഗ്ഗുകളില്‍ പ്രസിദ്ധീകരിക്കുന്ന രചനകളെ കൂടി പ്രത്യേക സംവരണം ഇല്ലാതെ അവാര്‍ഡ് നിര്‍ണ്ണയ ങ്ങളിലേക്ക് പരിഗണിക്കുവാന്‍ തയ്യാറാകണം. - എസ്. കുമാര്‍ Labels: s-kumar |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്